തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഎം. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദൻ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചു.
പാർട്ടി അംഗത്വം പുതുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. എന്നാൽ, സുധാകരൻ തന്റെ നിലപാട് ആവർത്തിച്ചതായാണ് വിവരം. അംഗത്വം പുതുക്കുന്നില്ലെന്ന സാമൂഹിക മാദ്ധ്യമ കുറിപ്പിലൂടെയാണ് പാർട്ടി വിടുകയാണെന്ന വ്യക്‌തമായ സൂചന നൽകി സുധാകരൻ കഴിഞ്ഞദിവസം രംഗത്തെത്തിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ജി. സുധാകരൻ ഉപേക്ഷിച്ചത്.
അഞ്ചുവർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ സഹിതമാണ് അദ്ദേഹം ഇന്നലെ കുറിപ്പ് പങ്കുവെച്ചത്. സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് എത്തിയശേഷം ഒരുതവണ പോലും സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ നിന്ന് അവഗണിച്ചു. താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ച്, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ കളിയാക്കി ചിരിച്ചുവെന്നും കുറിപ്പിൽ എടുത്ത് പറഞ്ഞിരുന്നു.
അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണ് പറയുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന്റെ നീരസവും സുധാകരന് ഉണ്ടെന്നാണ് സൂചന. സ്‌ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതാണ് നീരസത്തിന് പിന്നിൽ.
അതിനിടെ, സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥിയായ കളത്തിലിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങൾ സജീവമാക്കിയെങ്കിലും അദ്ദേഹം മനസുതുറന്നിട്ടില്ല.
സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ ഒരുവട്ടം കൂടി സ്‌ഥാനാർഥിയാകാനുള്ള ആഗ്രഹം പാർട്ടി ജനറൽ സെക്രട്ടറി എംഎ. ബേബി ഉൾപ്പടെ ഏറെ അടുപ്പമുള്ളവരോട് സുധാകരൻ പങ്കുവെച്ചിരുന്നു. സ്‌ഥാനാർഥികളെ ശുപാർശ ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ചിലർ സുധാകരന്റെ പേര് നിർദ്ദേശിച്ചെങ്കിലും ഗോവിന്ദൻ ഇത് തള്ളുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം വന്നപ്പോൾ പരിഹാസ രൂപത്തിലുള്ള മറുപടിയാണ് എംവി. ഗോവിന്ദൻ നൽകിയത്. ഇത് സുധാകരനെ വിഷമിപ്പിച്ചു. പിന്നാലെയാണ് എഫ്ബിയിൽ കുറിപ്പിട്ടത്. അതേസമയം, യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിന് പകരം സ്വതന്ത്രനായി രംഗത്തുവരികയും യുഡിഎഫ് പിന്തുണയ്‌ക്കുകയും ചെയ്യാനുള്ള സാധ്യതയാണ് ആലോചനയിലുള്ളത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































