പാലക്കാട്: മുൻ എംഎൽഎ പികെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയിലെ വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉൽഘാടനം ചെയ്തതിന് പിന്നാലെയാണ് പികെ. ശശിക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്.
ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡപത്തിലായിരുന്നു കൺവെൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്. ഇതോടെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണെന്നും പികെ. ശശി പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ശശി ആരോപിച്ചു.
സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനാകില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണ്. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരംതാഴ്ത്തി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.
സിപിഎം നേതൃത്വവുമായി പികെ. ശശി കുറച്ചു നാളുകളായി അകൽച്ചയിലായിരുന്നു. നേരത്തെ, കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പികെ. ശശി രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയതിനെ തുടർന്നായിരുന്നു രാജി. അതേസമയം, ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മൽസരിക്കുമെന്നും സൂചനകളുണ്ട്.
അഴിമതി ആരോപണങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നാണ് പികെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർന്നത്. പിന്നീട് വീണ്ടും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശശിക്കൊപ്പം ഉണ്ടായിരുന്ന പല പ്രവർത്തകർക്കും സഹകരണ മേഖലയിൽ നിന്നടക്കം ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായി.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി




































