തിരുവനന്തപുരം: മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിക്കെതിരെ നടപടിയെടുക്കാൻ സിപിഎം. മധു മുല്ലശ്ശേരിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.
ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാസെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് ജോയി നടത്തിവരുന്നത്. ഏരിയാ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതേത്തുടർന്ന് ഏരിയാ കമ്മിറ്റി കൂടാൻ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു വെളിപ്പെടുത്തിയിരുന്നു.
എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്നായിരുന്നു മധുവിന്റെ മറ്റൊരു വിമർശനം. ഈ നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. വി ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചു. ജോയ് പറയുന്നത് മുഴുവൻ കള്ളമാണ്. സ്ഥാനം കിട്ടാത്തതല്ല പ്രശ്നം. നേതൃത്വത്തോട് എതിർപ്പുള്ളവരുടെ പിന്തുണയുണ്ടെന്നും മധു പറഞ്ഞു.
അതിനിടെ, മധു മുല്ലശ്ശേരിയുടെ നിലപാട് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചു. സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് അതിന്റെതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാർട്ടി രീതി. മധു നടത്തുന്ന അപവാദ പ്രചാരണങ്ങളാണ്. മധുവിന്റെ നിലപാട് സംബന്ധിച്ച് പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബിജെപിയിൽ പോയാലും കുഴപ്പമില്ല. ഒപ്പം മകൻ ഉൾപ്പടെ ആരും പോകില്ലെന്നും ജോയ് പറഞ്ഞു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!







































