കണ്ണൂർ: വളപട്ടണം കവർച്ചാ കേസിൽ അറസ്‌റ്റിലായ അയൽവാസി ലിജീഷ് സ്‌ഥിരം മോഷ്‌ടാവെന്ന് പോലീസ്. കഴിഞ്ഞവർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇയാൾ പ്രതിയാണ്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ, ഇത്തവണ മോഷണം നടത്തിയപ്പോൾ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയതെന്നും പോലീസ് പറയുന്നു.
കീച്ചേരിയിൽ നിന്ന് നാലരലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവുമാണ് ലിജീഷ് കവർന്നത്. മൂന്നുമാസം മുൻപ് ഗൾഫിൽ നിന്ന് തിരിച്ചുവന്ന ലിജീഷ്, വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്. കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. സ്വന്തം വീടിനുള്ളിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വർണവും പണവും സൂക്ഷിക്കുന്നത്.
വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലടിനടിയിൽ പ്രത്യേക ലോക്കർ ഉണ്ടാക്കുകയായിരുന്നു. അഷ്‌റഫിന്റെ വീട്ടിൽ പരിശോധനക്കിടെ പോലീസ് നായ മണം പിടിച്ചു പോയത് ലിജീഷിന്റെ വീടിന് മുന്നിലൂടെയായിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ലിജീഷിനെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവർച്ചയ്‌ക്ക് പിന്നിലെന്ന് പോലീസ് ആദ്യം മുതൽ സംശയിച്ചതാണ് കേസിൽ വഴിത്തിരിവായത്. അതേസമയം, ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും. പോലീസുകാർ ലഡു വിതരണം ചെയ്‌തു.
വളപട്ടണം മന്നയിൽ വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് 267 പവൻ സ്വർണവും ഒരുകോടിയോളം രൂപയുമാണ് പ്രതി കവർന്നത്. അരി മൊത്ത വ്യാപാരിയാണ് അഷ്‌റഫ്. ഇക്കഴിഞ്ഞ 19ആം തീയതിയാണ് അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയത്. ഈ സമയത്തായിരുന്നു മോഷണം. യാത്ര കഴിഞ്ഞു 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്.
ഇന്നലെ രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ചു വാങ്ങാൻ ചെല്ലാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് ലിജീഷിനെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടികെ രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!