തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കാര്യം ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. നാളെ നടക്കുന്ന സംസ്‌ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കേൾക്കും. മുകേഷിന് പറയാനുള്ളതും പാർട്ടി പരിഗണിക്കും.
ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിച്ചിരുന്നു. എന്നാൽ, സംസ്‌ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് പൊതുധാരണ. സംഘടനാ വിഷയങ്ങളും പാർട്ടി സമ്മേളനവുമായിരിക്കും പ്രധാന ചർച്ച.
സമാന കേസുകളിൽ പ്രതികളായ രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പോലീസ് സുരക്ഷ കൂടിയിട്ടുണ്ട്. അതിനിടെ, മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മാറി. കൊച്ചിയിലേക്കാണ് പോയതെന്നാണ് സൂചന.
Most Read| സിഖ് കലാപം; ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി