തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന് തുടക്കം. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തി കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ വാട്സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ച അനിമോൻ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക. അനിമോനെ പോലീസിന് നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
അനിമോൻ ശബ്ദസന്ദേശം അയച്ച വാട്സ് ആപ് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തും. ബാർ ഉടമകളുടെ യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും അന്വേഷണ സംഘം ശേഖരിക്കും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
രണ്ടരലക്ഷം ആവശ്യപ്പെട്ടുകൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദരേഖ അനിമോൻ ഇതുവരെ നിഷേധിച്ചിട്ടില്ല. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് വേണ്ടിയാണെന്നാണ് അനിമോന്റെ വിശദീകരണം. സംഘടനാ യോഗത്തിൽ പ്രസിഡണ്ട് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണ് മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തതെന്നും അനിമോൻ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ








































