തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആശുപത്രിയില്‍ ചികിൽസക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്ന് സിവിൽ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രന്‍ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ചെന്നാണ് കേസ്. സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്‌റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്‌ഥയാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് നീക്കം.
അതേസമയം, ജോലിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് സർക്കാർ ഡോക്‌ടർമാർ ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം.
രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്‌ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്‌ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കോവിഡ് ചികിൽസ എന്നിവക്ക് തടസമുണ്ടാകില്ല.
സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. പോലീസിനെതിരായ നടപടി വൈകിയാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി.
Read also: വിസ്‌മയയുടെ മരണം; കിരണിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും







































