പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനാൽ 18ആം പടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെ 23,846 പേർ ദർശനം നടത്തി. അവധി ദിവസമായതിനാൽ കുട്ടികൾ കൂടുതലായി ക്ഷേത്ര ദർശനത്തിനെത്തുന്നുണ്ട്.
അതേസമയം, വൃശ്‌ചികം ഒന്നിന് ശബരിമല ദർശനം നടത്തിയത് 65,000ത്തിനടുത്ത് തീർഥാടകരാണ്. വെർച്വൽ ക്യൂ വഴി 70,000 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ, ബുക്ക് ചെയ്‌ത എല്ലാവരും എത്തിയില്ല. വെർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിങ്ങുമടക്കം 65,000ത്തിനടുത്ത് തീർഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്.
അതേസമയം, ഇന്ന് പുലർച്ചെ 5.30ന് നിലയ്‌ക്കലിലും ചാലക്കയത്തിനും മധ്യേ കെഎസ്ആർടിസി ബസിന് തീപിടിച്ചതിനാൽ ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ചാലക്കയത്തിനും നിലയ്‌ക്കലിനും ഇടയിലെ വനമേഖലയായ 30ആം വളവിലാണ് സംഭവം. പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴേ ഡ്രൈവർ ബസ് നിർത്തി.
നിലയ്‌ക്കലിൽ നിന്ന് തീർഥാടകരെ കയറ്റാൻ കാലിയായി പോവുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിച്ചു. ആർക്കും പരിക്കില്ല. അതേസമയം, ഭക്‌തർക്ക് സൗജന്യ സേവനം നൽകാൻ 125 ഡോക്‌ടർമാരുടെ സംഘം സന്നിധാനത്തെത്തി. സർക്കാരും ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ഇവരുടെ പ്രവർത്തനം. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ ഡോക്‌ടർമാർക്കൊപ്പമാണ് സർക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































