ന്യൂഡെൽഹി: ഈ മാസം 25 മുതൽ 27 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവെച്ചതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടുന്നതെന്നാണ് വിശദീകരണം. പുതുക്കിയ തീയതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു.
അതേസമയം, ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്‌സ്‌പ്‌ളോറേഷൻ സോഫ്‌റ്റ്‌വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.
11 ലക്ഷം പേരാണ് യുജിസി നെറ്റ് പരീക്ഷയെഴുതിയത്. ആർട്‌സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കോളേജ് അധ്യാപനത്തിനും ജെആർഎഫിനുമുള്ള യോഗ്യതാ പരീക്ഷയാണ് നെറ്റ്. സയൻസ്, എൻജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലുള്ള കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്‌ഐആർ നെറ്റ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.
Most Read| പ്രിയങ്കക്ക് പിന്തുണയുമായി മമത ബാനർജി; പ്രചാരണത്തിന് വയനാട്ടിൽ എത്തിയേക്കും