കോഴിക്കോട്: 71 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇരുവരും രണ്ട് വിമാനങ്ങളിലാണ് കരിപ്പൂരിൽ എത്തിയത്.
ഷാര്‍ജയില്‍ നിന്നും ജി9 354 എയര്‍ അറേബ്യ വിമാനത്തിലാണ് ഷംനാസ് വിമാനത്താവളത്തിൽ എത്തിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 641 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഏകദേശം 25 ലക്ഷം രൂപ ഇതിന് വിലവരുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. ദുബായിയില്‍ നിന്നും 6ഇ 89 ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഫൈസലിന്റെ പക്കൽ നിന്നും 46 ലക്ഷം രൂപ വിലവരുന്ന 1,074 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി രാജന്റെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീണ്‍കുമാര്‍ കെകെ, പ്രകാശ് എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസല്‍ ഇ, ജയദീപ് സി, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Read also: ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി







































