കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്. തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്.
അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് ഇയാൾ സ്വർണം കടത്തിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഷക്കീബ് പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേരടങ്ങിയ സംഘം ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. ഇതുകണ്ട പോലീസ് പ്രശ്‌നത്തിൽ ഇടപെട്ടു.
തുടർന്നാണ് ഷക്കീബിൽ നിന്ന് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷക്കീബും സ്വർണം തട്ടിക്കൊണ്ടുപോകാൻ എത്തിയ കവർച്ചാ സംഘത്തിലെ രണ്ട് കൊടുവള്ളി സ്വദേശികളുമാണ് പിടിയിലായത്. പോലീസിനെ കണ്ടതോടെ നാല് പേർ സംഭവസ്‌ഥലത്ത് നിന്ന് ഓടിരക്ഷപെട്ടിരുന്നു. അറസ്‌റ്റിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്