കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സിവി. ആനന്ദബോസ് രാജിവെച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണ് രാജി. അതേസമയം, രാജിയുടെ കാരണം വ്യക്തമല്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. ആനന്ദബോസ് ഡെൽഹിയിൽ ഉടൻ എത്തുമെന്നാണ് സൂചന.
ആർഎൻ. രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണ് വിവരം. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019ലാണ് ബിജെപിയിൽ ചേർന്നത്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.
ജില്ലാ കലക്ടറായും വിദ്യാഭ്യാസ, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയുമായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയമിച്ച പത്മനാഭസ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു.
അതേസമയം, സിവി ആനന്ദബോസിന്റെ രാജിവാർത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്ന കാര്യം എനിക്കറിയില്ല. എന്നാൽ, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് ഗവർണർക്ക് സമ്മർദ്ദമുണ്ടായാൽ അതിൽ അതിശയിക്കാനില്ല.
Most Read| വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം







































