തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. പ്രതിദിനം സംസ്‌ഥാനത്ത് നടത്തുന്ന പരിശോധനകളുടെ എണ്ണം 2 ലക്ഷമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ സമ്പർക്കത്തിലൂടെ ഉള്ള രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് കർശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ മൂന്നാം തരംഗ സാധ്യതകൾ നിലനിൽക്കുന്നതിനാൽ കോവിഡ് വാക്‌സിനേഷൻ പരമാവധി കൂട്ടാനും തീരുമാനമായിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്ത് കഴിഞ്ഞ അവധി ദിവസങ്ങളിൽ വാക്‌സിനേഷൻ കുറഞ്ഞതിനാൽ, ഇത് വരും ദിവസങ്ങളിൽ പരിഹരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
ഒപ്പം തന്നെ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും തീരുമാനമായി. നിലവിൽ സംസ്‌ഥാനത്ത് ഓക്‌സിജൻ കരുതൽ ശേഖരമുണ്ട്. എന്നാൽ ആവശ്യമായി വന്നാൽ കർണാടകയെ കൂടി ആശ്രയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ അടുത്ത 4 ആഴ്‌ചകൾ നിർണായകമായതിനാൽ കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്തുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
Read also: ‘ഓപ്പറേഷൻ ദേവി ശക്‌തി’; അഫ്‌ഗാനിലെ രക്ഷാ ദൗത്യത്തിന് കേന്ദ്രം പേരിട്ടു







































