ചുരു: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 25കാരനായ രാകേഷ് മേഘ്വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കവെയാണ് ക്രൂരകൃത്യം അരങ്ങേറിയത്.
26ന് രാത്രി ഉമേഷ് ജാട്ട് എന്നയാൾ രാകേഷിന്റെ വീട്ടിലെത്തി ഒപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാകേഷ് അതിനു തയ്യാറാകാതെ വന്നതോടെ ഉമേഷും ഏഴ് സുഹൃത്തുക്കളും ചേർന്ന് രാകേഷിനെ ബലം പ്രയോഗിച്ച് ഉമേഷിന്റെ കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി.
അവിടെ നിന്നും രാകേഷിനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രതികൾ എല്ലാവരും കുപ്പിയിൽ മൂത്രമൊഴിച്ചു. തുടർന്ന് ഈ മൂത്രം രാകേഷിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രാകേഷ് പോലീസിൽ പരാതി നൽകി. തന്നെ ജാതിപ്പേര് വിളിച്ച് പ്രതികൾ അവഹേളിക്കുകയും ചെയ്തതായി രാകേഷ് പരാതിയിൽ പറയുന്നു.
‘എല്ലാവരും ചേർന്ന് എന്നെ അര മണിക്കൂറോളം മർദ്ദിച്ചു. ശരീരം മുഴുവൻ മുറിഞ്ഞു. മരിച്ചെന്ന് കരുതി അവർ എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. എന്റെ മൊബൈൽ ഫോൺ അവർ പിടിച്ചെടുത്തു’, രാകേഷ് പരാതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
Most Read: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി








































