മരണം കാത്ത് കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം ഏറെ പ്രധാനമാണ്. ഹൃദയം എന്ത് ആഗ്രഹിക്കുന്നോ അത് നടത്തിക്കൊടുക്കാൻ പ്രിയപ്പെട്ടവർ ഏതറ്റം വരെയും പോകും. അങ്ങനെ ഒരു അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുത്ത മകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ കയ്യടി നേടുന്നത്.
ഈ അച്ഛന്റെ ആഗ്രഹം എന്തായിരുന്നെന്നോ? തന്റെ പ്രിയപ്പെട്ട മദ്യം കഴിക്കണം. മകളാകട്ടെ എങ്ങനെയും അത് നടത്തിക്കൊടുക്കാനും ഒരുക്കമായിരുന്നു. ഓസ്ട്രേലിയക്കാരിയായ പെന്നലോപ് ആൻ ആണ് അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്തത്. ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്ന അച്ഛന്റെ പ്രിയപ്പെട്ട ഡ്രിങ്കായ ബുണ്ടബെർഗ് റമ്മും കൊക്കക്കോളയും സിറിഞ്ചിലാക്കിയാണ് അവൾ നൽകിയത്.
ടിക് ടോക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്യുന്നുണ്ട്. സിറിഞ്ചിലാക്കി റം അച്ഛന്റെ വായിൽ ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അച്ഛനോട് വിട പറയാൻ മനസ് കൊണ്ട് താൻ ഒരുങ്ങിയിരുന്നു. അവസാനമായി ഒരൽപം രുചി അദ്ദേഹത്തിന് നൽകാനാണ് ശ്രമിച്ചതെന്നും ആൻ പറയുന്നു.
‘ഞങ്ങൾ നിങ്ങൾക്ക് റം കൊണ്ടുവന്നിട്ടുണ്ട് അച്ഛാ. അത് സിറിഞ്ചിലാക്കി വായിൽ വച്ച് തരാൻ പോവുകയാണ്’ എന്ന് പിതാവിനോട് ആൻ പറയുന്നു. ‘കൊള്ളാമോ’ എന്ന് അവൾ ചോദിക്കുമ്പോൾ അച്ഛൻ തലയാട്ടുകയും ചെയ്യുന്നുണ്ട്. അച്ഛന്റെ ആത്മാവ് തിരികെ പോകുന്നതിന് മുൻപ് അവസാനമായി ഒരു ഡ്രിങ്ക്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’; എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ പിതാവിന് സിഒപിഡി (Chronic obstructive pulmonary disease) ആയിരുന്നു എന്നും ആൻ വെളിപ്പെടുത്തി. ഒരുപാട് കാലമായി അദ്ദേഹം ചികിൽസയിലായിരുന്നു.
ഏകദേശം രണ്ട് മില്യണിൽ അധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. അനുശോചനം രേഖപ്പെടുത്താനും സ്നേഹം അറിയിക്കാനും നിരവധി പേരാണ് രംഗത്തെത്തിയത്.
Most Read: ‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ






































