മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചുകോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.
വാട്‌സ് ആപ് സന്ദേശമാണ് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെതിനേക്കാൾ മോശമാകും സൽമാഖാന്റെ അവസ്‌ഥയെന്നും സന്ദേശത്തിൽ പറയുന്നു. ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയത്.
”ഇതൊന്നും നിസ്സാരമായി കാണരുത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സൽമാൻഖാൻ അഞ്ചുകോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്‌ഥയേക്കാൾ മോശമാകും”- ഭീഷണി സന്ദേശത്തിൽ വ്യക്‌തമാക്കുന്നു.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സൽമാൻ ഖാൻ. അതേസമയം, സൽമാൻ ഖാൻ ഫാം ഹൗസ് കേസിലെ പ്രതി ബിഷ്‌ണോയി സംഘത്തിൽപ്പെട്ട സുഖ കല്ലുയയെ പാൻവൽ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
പാകിസ്‌താൻ സ്വദേശിയായ ഡോഗറിൽ നിന്നും ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നതിൽ പ്രധാനിയാണ് സുഖ. സൽമാനെ കൊലപ്പെടുത്താൻ എകെ 47, എം 16, എകെ 92 തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയവരിലൊരാളാണ് സുഖ. മഹാരാഷ്‌ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിന് സമീപമാണ് നടനെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!