ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശ്രമിക്കുന്നത് സമാധാനപരമായ പരിഹാരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ സമ്മേളനത്തില്‍ അതിര്‍ത്തി പ്രശ്നത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയാണ് ഉഭയകക്ഷി ഉടമ്പടികള്‍ ലംഘിച്ചത് എന്നും ഇന്ത്യ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തില്‍ ചര്‍ച്ച ഒഴിവാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ചോദ്യങ്ങളെ ഭയന്നാണ് സര്‍ക്കാര്‍ ചര്‍ച്ച ഒഴിവാക്കിയത് എന്നും പ്രതിപക്ഷം ആരോപിച്ചു. ഒപ്പം തന്നെ മന്ത്രി തന്റെ പ്രസംഗത്തില്‍ ഉടനീളം പ്രധാനമന്ത്രിയെ പുകഴ്ത്താനാണ് കൂടുതല്‍ സമയം ചിലവഴിച്ചത് എന്നും പ്രതിപക്ഷം പറഞ്ഞു.
സഭയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും അതിര്‍ത്തിയില്‍ ചൈന പ്രകോപനത്തിന് ശ്രമിക്കുകയാണ് എന്നാണ് പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടത്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ചൈന ആണെന്നും നിയന്ത്രണരേഖ അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. സമാധാനപരമായി പരിഹാരം കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ സൈന്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Read also : ജൂനിയര്‍ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്








































