ടെൽ അവീവ്: അന്താരാഷ്ട്ര യുദ്ധനിയമങ്ങളെ കാറ്റിൽപറത്തി നടത്തുന്ന പലസ്തീൻ – ഇസ്രയേൽ യുദ്ധത്തിനിടയിൽ ഇസ്രയേൽ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ സന്ദർശനശേഷം ജോർദാനിൽ നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കാതെ മടങ്ങി.
യുദ്ധത്തിനിടെ ഇസ്രയേൽ സന്ദർശിച്ച് അവർക്കു വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ ജോർദാനിൽ നിശ്ചയിച്ച ഉച്ചകോടിയിൽ അറബ് രാഷ്ട്രങ്ങൾ പങ്കെടുക്കാതെ പിൻവാങ്ങി. ഇതോടെ ഉച്ചകോടി ഉപേക്ഷിക്കേണ്ടിവന്നു.
നെതന്യാഹുവിന്റെ ക്ഷണമനുസരിച്ചായിരുന്നു ബൈഡന്റെ ഇസ്രയേൽ സന്ദർശനം. ഈജിപ്ത് വഴി ഗാസയിലേക്കുള്ള യുഎസ് സഹായത്തിന് പരിശോധന വേണമെന്നും ഹമാസ് അതു കൈക്കലാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡൻ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല. ‘ഇസ്രയേലിനു പിന്തുണ, പലസ്തീന് സഹായം’ എന്ന നയം ഫലിക്കാതെ വന്നപ്പോൾ 8 മണിക്കൂറിനകം ജോ ബൈഡൻ മടങ്ങി.
ഗാസ അൽ അഹ്ലി ആശുപത്രി ആക്രമണം നടത്തിയത് ‘ഇസ്രയേൽ അല്ല, മറ്റേ ടീം ആണെന്നാണ് എനിക്കു ബോധ്യപ്പെട്ടത്’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോടു ബൈഡൻ പറഞ്ഞത്. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ കൈമാറിയ വിവരമാണിതെന്നും ബൈഡൻ വിശദീകരിച്ചു.
പലസ്തീൻ സായുധസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ദിശ തെറ്റി പതിക്കുകയായിരുന്നുവെന്ന ഇസ്രയേലിന്റെ നേരത്തെയുള്ള വാദത്തെ പിന്തുണയ്ക്കുന്ന രീതിയാണ് ബൈഡൻ സ്വീകരിച്ചത്. ഇതിനുപിന്നാലെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ജോർദാനിലെ ഉച്ചകോടിയിൽനിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ചു.
ജോർദാനിലെ അബ്ദുല്ല രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുമായിരുന്നു കൂടികാഴ്ച നടത്താനിരുന്ന മറ്റു നേതാക്കൾ. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഇനി ചർച്ച ചെയ്തിട്ടു കാര്യമില്ലാത്തതു കൊണ്ടാണ് ഉച്ചകോടി റദ്ദാക്കിയതെന്ന് ജോർദാൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദിയും പ്രഖ്യാപിച്ചു.
അതേസമയം, ഗാസ, സുഡാൻ, തുർക്കി, അൽജീരിയ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഹമാസ് സാമ്പത്തിക ശൃംഖലയ്ക്ക് യുഎസിന്റെ ഉപരോധം നിലവിൽ വന്നു. ഗാസയിൽ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ കിരാത ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുള്ളഹിയാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
MOST READ | ഗാസ അൽ അഹ്ലി ആശുപത്രി ആക്രമണം: അനുശോചിച്ച് പ്രധാനമന്ത്രി മോദി