ന്യൂഡെൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അരവിന്ദ് കെജ്‌രിവാൾ ന്യൂഡെൽഹിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ശക്‌തമായ ത്രികോണ മൽസരത്തിലേക്ക് രാജ്യ തലസ്‌ഥാനം നീങ്ങുന്നത്.
എഎപിയുടെ അവസാനഘട്ട സ്‌ഥാനാർഥി പട്ടികയിലാണ് സിറ്റിങ് സീറ്റായ ന്യൂഡെൽഹിയിൽ കെജ്‌രിവാൾ മൽസരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്‌ഥാനാർഥികളായി രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന. ഡെൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയെ ബിജെപി കളത്തിലിറക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
വെസ്‌റ്റ് ഡെൽഹിയിൽ നിന്ന് രണ്ടുതവണ എംപിയായ നേതാവാണ് പർവേഷ്. സന്ദീപ് ദീക്ഷിതിനെ കോൺഗ്രസ് സ്‌ഥാനാർഥിയായും പ്രഖ്യാപിച്ചു. മൂന്ന് തവണ ഡെൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഈസ്‌റ്റ് ഡെൽഹിയിൽ നിന്ന് എംപിയുമായി.
എതിർ സ്‌ഥാനാർഥികളായി എത്തുന്നവർ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മാത്രമാണെന്നും താനൊരു ആംആദ്‌മി ആണെന്നുമാണ് കെജ്‌രിവാൾ പറഞ്ഞത്. ബിജെപിയുടെ സ്‌ഥാനാർഥി പട്ടിക പുറത്തുവിടാത്തതിനാൽ പർവേഷ് വർമയുടെ സ്‌ഥാനാർഥിത്വം ഇതുവരെ ഉറപ്പായിട്ടില്ല.
അതേസമയം, രണ്ട് സീറ്റുകളിൽ മൽസരിക്കുമെന്ന് സിപിഎം വ്യക്‌തമാക്കി. കാരവൽ നഗറിലും ബദർപുർ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റയ്‌ക്ക് മൽസരിക്കുന്നത്. കാരവൽ നഗറിൽ അഡ്വ. അശോക് അഗർവാളും ബദർപുർ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ് ശർമയും മൽസരിക്കുമെന്ന് സിപിഎം ഡെൽഹി ഘടകം അറിയിച്ചു. പ്രകടനപത്രിക നാളെ പുറത്തിറക്കും.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡെൽഹി നിയോജക മണ്ഡലത്തിൽ നിന്ന് 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കെജ്‌രിവാൾ നിയമസഭയിൽ എത്തിയത്. 2015ൽ 31,583 ആയി ഉയർന്നു. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 21,000ലേക്ക് താഴ്‌ന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു