ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് വിധി പ്രസ്‌താവം. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്‌രിവാളിനെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ്.
തിരഞ്ഞെടുപ്പ് കാലം കൂടി ആയതിനാൽ ജാമ്യം ലഭിച്ചാൽ അത് കെജ്‌രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജമാകും നൽകുക. ഈ മാസം മൂന്നാം തീയതിയാണ് ഹരജി വിധി പറയാൻ മാറ്റിയത്. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇഡിക്ക് വേണ്ടി വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി.
അധിക്ഷേപിക്കാനും അശക്‌തനാക്കാനുമാണ് തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇഡി തിടുക്കത്തിൽ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതെന്ന് മനു സിങ്‌വി കോടതിയിൽ വാദിച്ചു. വിചാരണക്കോടതിയിൽ കസ്‌റ്റഡിയിൽ വിടുന്നതിനെ എതിർക്കാതിരുന്നതിലൂടെ അറസ്‌റ്റിനെ ചോദ്യം ചെയ്യാനുള്ള കെജ്‌രിവാളിന്റെ അവകാശം നഷ്‌ടപ്പെട്ടു എന്ന ഇഡിയുടെ വാദം കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും സിങ്‌വി പറഞ്ഞു.
അതിനിടെ, കെജ്‌രിവാളിന്റെ അറസ്‌റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് എഎപി പാർട്ടി തുടക്കമിട്ടു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്റ്ററൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തിൽ ശക്‌തമാക്കാനാണ് എഎപിയുടെ തീരുമാനം.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്