ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്കയിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ലൈസൻസിങ് ഇൻസ്പെക്ടർ, സെക്ഷൻ ഓഫിസർമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന് ലൈസൻസ് നൽകിയതിൽ ഉൾപ്പടെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപറേഷൻ വകുപ്പുതല അന്വേഷത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, തീപിടിത്തത്തിൽ മരിച്ച 27 പേരിൽ ഏഴുപേരും മുണ്ട്ക സ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ധരിച്ചിരുന്ന വാച്ചും ചെരുപ്പുമെല്ലാം നോക്കിയാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്.
പൂർണമായി കത്തിക്കരിഞ്ഞവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. അതിനിടെ 29 പേരെ കാണാതായെന്ന് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അതുപ്രകാരം ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. 70പതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് ഈ മാസം 13ന് തീപിടുത്തം ഉണ്ടായത്.
വൈകിട്ട് നാലരയോടെയാണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് മുകളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരാണ് മരിച്ചവരിൽ കൂടുതൽ. അതിനിടെ, ഡെൽഹിയിലെ മുണ്ട്കയിൽ ഉണ്ടായ തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുണ്ട്കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡെൽഹി സർക്കാരിനോട് റിപ്പോർട് തേടുകയും ചെയ്യും. രണ്ടാഴ്ചക്കകം റിപ്പോർട് സമർപ്പിക്കാനാണ് ആവശ്യപ്പെടുന്നത്.
Most Read: ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യ; ഷെറിൻ സെലിന്റെ പോസ്റ്റുമോർട്ടം ഇന്ന്







































