ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12 കിലോമീറ്റർ റോഡാണ് വർഷങ്ങളായി പൂർണമായി തകർന്നു കിടക്കുന്നത്. ദേളി മുതൽ ബാര അമ്പലംവരെ ഏകദേശം ആറുകിലോമീറ്റർ ഭാഗം തകർന്നിട്ട് അഞ്ച് വർഷമായി.
നിലവിൽ കാൽനട യാത്രപോലും കഠിനമാണ്. വാഹനാപകടങ്ങൾ നിത്യസംഭവമാണ്. റോഡിലെ കുറച്ച് ഭാഗങ്ങൾ നന്നാക്കാൻ നേരത്തെ ജില്ലാ പഞ്ചായത്ത് കരാർ നൽകിയിരുന്നു. എന്നാൽ, കരാറുകാരൻ കോവിഡും കാലവർഷവും കാരണമാക്കി പണി നിർത്തുകയാണ് ചെയ്‌തത്. റോഡ് പണി ഇനിയും വൈകിപ്പിച്ചാൽ കരാറുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സമരം കൂടുതൽ ശക്‌തമാക്കുമെന്നും സിപിഎം ബാര ലോക്കൽ കമ്മിറ്റി അറിയിച്ചു.
Most Read: മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്






































