ഇടുക്കി: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനി ബാധിച്ചത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാർ മടങ്ങി. വീട്ടിലെത്തിയ ശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ വെള്ളിയാഴ്ചയാണ് വിജയകുമാർ മരിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം വെസ്റ്റ് നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. അതിനിടെ, പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വേങ്ങൂർ കരിയാംപുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മൂന്നാഴ്ചയായി ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ഇതോടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. നിലവിൽ വേങ്ങൂർ പഞ്ചായത്തിൽ 208 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. 40ഓളം പേർ ആശുപത്രിയിലാണ്.
Most Read| അമീറുൽ ഇസ്ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി