മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സ്‌പെഷ്യൽ തഹസിൽദാർ സിവി. ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഉദ്യോഗസ്‌ഥർ മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്‌ഥർ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സിവി. ഗായത്രിയുടെ മറുപടി.
പുറമ്പോക്ക് ഭൂമിയിലെ സ്‌ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപെട്ടത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. എന്നാൽ, ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎൽഎ മറുപടി നൽകിയില്ല.
സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിർമാണങ്ങൾക്ക് ഉദ്യോഗസ്‌ഥർ നേരത്തെ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, അവധി ദിവസങ്ങളിൽ പോലും ഇത് ലംഘിച്ച് നിർമാണം തുടർന്നപ്പോൾ, പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകി. ഈ നടപടികൾക്ക് എതിരെയാണ് എംഎൽഎ രംഗത്തെത്തിയത്.
Most Read| മോദിയുടെ സന്ദർശനം; ഇസ്രയേലുമായി പ്രതിരോധ സഹകരണം ശക്‌തമാക്കാൻ ഇന്ത്യ







































