പത്തനംതിട്ട: ജില്ലയിൽ കൈവിട്ട സീറ്റുകളെല്ലാം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വളരെ പിന്നോട്ട് പോയ ഒരു മണ്ഡലായിരുന്നു അടൂർ. എന്നാൽ, യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എംജി കണ്ണൻ വന്നതോടെ മണ്ഡലത്തിലെ സാമൂഹ്യ സമവാക്യങ്ങളെല്ലാം മാറിയെന്ന് ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളെ കുറിച്ചും പാർട്ടിക്ക് ഒരാശങ്കയും ഇല്ലെന്നും ആന്റോ ആന്റണി വ്യക്തമാക്കി. സുപ്രീം കോടതിയിൽ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊടുത്ത സത്യവാങ് മൂലം പിൻവലിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ഇതിന് ഉത്തരം പറയാത്തിടത്തോളം കാലം സർക്കാർ നിലപാടുകൾ വിശ്വാസികൾക്കും ശബരിമലയിലെ ആചാരങ്ങൾക്കും എതിരാണ്.
ജില്ലയുടെ വികസനത്തിന് മുതൽ കൂട്ടാകുമായിരുന്ന വിമാനത്താവളം കള്ളപ്രചാരണം നടത്തി സിപിഎമ്മും ബിജെപിയും ആർഎസ്എസും ചേർന്ന് നഷ്ടപ്പെടുത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ആന്റോ ആന്റണി എംപി കൂട്ടിച്ചേർത്തു.
Also Read: വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി








































