മലപ്പുറം: കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ഉദ്യോഗസ്ഥക്ക് എതിരെ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കോവിഡ് പോസിറ്റീവ് ആയ വിവരം റിട്ടേണിങ് ഓഫീസറെ ബീജ അറിയിച്ചിരുന്നു. എന്നാൽ, ഓഫീസറുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ബീജയെ സസ്പെൻഡ് ചെയ്യാൻ ഒരുങ്ങുന്നത്.
മാർച്ച് 22ന് പേരാമ്പ്രയിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ നടത്തിയ പരിശോധനയിലാണ് ബീജക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബീജ വേങ്ങര നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസർക്ക് മെയിൽ അയച്ചു. മെയിലിന് മറുപടി ഇല്ലാത്തതിനെ തുടർന്ന് നേരിട്ട് ഫോൺ വിളിച്ചും റിട്ടേണിങ് ഓഫീസറെ കാര്യം അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കാതെ ബീജക്കെതിരെ സസ്പെൻഷൻ നടപടികളിലേക്ക് നീങ്ങുകയാണ് ജില്ലാ ഭരണകൂടം. ഇതിന് മുന്നോടിയായി സ്കൂൾ പ്രിൻസിപ്പൽ ബീജയോട് കാര്യങ്ങൾ കളക്റ്ററേറ്റിൽ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കളക്റ്ററേറ്റിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചെങ്കിലും കോവിഡ് പോസിറ്റീവ് എന്നത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാനുള്ള ന്യായമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച ബീജയുടെ ഭർത്താവിനെ തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താത്ത 26 പേർക്കെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
Also Read: കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം








































