കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെ റിമാൻഡ് ചെയ്‌തു. രഞ്‌ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രണ്ടാഴ്‌ചത്തേക്ക് റിമാൻഡ്. തൊടുപുഴയിൽ വെച്ച് ഇന്നലെ രാത്രിയാണ് രഞ്‌ജിത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വൈദ്യപരിശോധനക്ക് ശേഷം ആശുപത്രിവിട്ട രഞ്‌ജിത്തിനെ നേരെ മരടിലെ സിവിൽ ജഡ്‌ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയത്. അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നടപടികൾ. നടന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന രഞ്‌ജിത്തിനെ കാർ തടഞ്ഞാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തൊടുപുഴ സ്‌റ്റേഷനിൽ എത്തിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്.
രഞ്‌ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ രഞ്‌ജിത്ത് കയറിപ്പിടിച്ചു എന്നാണ് പരാതി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്‌ക്കൽ, അശ്‌ളീല ആംഗ്യം കാണിക്കൽ എന്നീ നാല് വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്‌റ്റ്.
സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നൽകിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ നടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൊച്ചി നോർത്ത് വനിതാ പോലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്‌ജിത്തിന്റെ അറസ്‌റ്റിലേക്ക് പോലീസ് നീങ്ങിയത്.
എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്ത് വെച്ചാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് തൊടുപുഴ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. നേരത്തെ രഞ്‌ജിത്തിനെതിരെ രണ്ട് പീഡന പരാതികൾ ഉയർന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്‌ജിത്തിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നുപറഞ്ഞത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു.
തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്ത് നിന്ന് രഞ്‌ജിത്തിന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, 2025 ഒക്‌ടോബറിൽ രഞ്‌ജിത്തിന്റെ ഹരജിയിൽ ബംഗാളി നടി നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയായിരുന്നു രണ്ടാമത്തേത്. സിനിമയിൽ അവസരം തേടിയെത്തിയ യുവാവിനെ ഹോട്ടലിൽ വെച്ച് ഫോൺ നമ്പർ കൈമാറിയ രഞ്‌ജിത്ത് പിന്നീട് ബെംഗളൂരുവിൽ വെച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ, 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയതെന്നും ആരോപണങ്ങളിൽ വ്യക്‌തത ഇല്ലെന്നും ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































