മാനന്തവാടി: തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനസാമഗ്രികൾ കണ്ടെത്തി. യൂണിഫോം ഉൾപ്പടെയുള്ള വസ്‌തുക്കളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്ന് രാവിലെ സാധനങ്ങൾ കണ്ടത്. തണ്ടർബോൾട്ട്, പോലീസ് ഉൾപ്പടെയുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്.
തലപ്പുഴ മക്കിമലയിൽ രണ്ടാഴ്‌ച മുൻപ് മാവോയിസ്‌റ്റുകൾ സ്‌ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് ഉൾപ്പടെയുള്ള സംഘം എത്തിയാണ് കുഴിബോംബ് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്‌റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രദേശത്ത് മാവോയിസ്‌റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്റെ ഓഫീസ് മാവോയിസ്‌റ്റുകൾ അടിച്ചു തകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്ത് നിന്ന് രണ്ടുപേരെ പിടികൂടി. അതിന് ശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാഴ്‌ചക്കിടെ മേഖലയിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിക്കുകയായിരുന്നു.
Most Read| പാക് ഭീകരാക്രമണം; പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു