തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി. കോവിഡ് പശ്‌ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് പറയുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇപ്പോള്‍ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളായതിനാല്‍ കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മാത്രവുമല്ല കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ സംസ്‌ഥാനത്ത് കേളേജുകള്‍ തുറക്കൂ.
കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണമെന്നത് ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുജിസി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിന്നു.
Read Also: ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08