മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസ തേടി.
പെരുമണ്ണ മൂന്നാം വാർഡിലെ നവീകരണം പൂർത്തിയായ 110 മീറ്റർ നീളമുള്ള തറമ്മൽ റോഡ് ബുധനാഴ്‌ച രാവിലെ ഒമ്പതിന് ഉൽഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഉൽഘാടനം നടന്നില്ല. ഇതേ തുടർന്നാണ് റോഡിന് സമീപം വെച്ച് തർക്കം നടന്നത്. ആറുപേർ അടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ലിബാസ് മൊയ്‌തീൻ പറയുന്നത്.
ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് പ്രസിഡണ്ട് പരാതി നൽകിയത്. ഇദ്ദേഹം കോട്ടക്കലിലെ ആശുപത്രിയിൽ ചികിൽസ തേടി. ഇടതുകാലിൽ നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, പ്രസിഡണ്ട് ആൾക്കൂട്ടമായി എത്തി അക്രമിച്ചെന്ന പരാതിയിൽ സംഘത്തിലെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
Most Read: കണ്ണൂരിൽ കനത്ത ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി








































