എറണാകുളം: ജില്ലയിൽ സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ പോളിംഗ് ഓഫീസർ അടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകർക്ക് വീടുകളിലെത്തി പോസ്‌റ്റൽ ബാലറ്റുകൾ കൈമാറും.
അപേക്ഷകനെ മുൻകൂട്ടി അറിയിച്ചതിനു ശേഷമായിരിക്കും പോസ്‌റ്റൽ ബാലറ്റുമായി ഉദ്യോഗസ്‌ഥർ വീടുകളിലെത്തുക. വോട്ട് അപ്പോൾ തന്നെ രേഖപ്പെടുത്തി വാങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്‌ജീകരിച്ചിരിക്കുന്നത്. ആദ്യ സന്ദർശനത്തിൽ വോട്ടർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാമതൊരു സന്ദർശനം കൂടി നടത്തും. ഇതിനായി 1,300ഓളം ഉദ്യോഗസ്‌ഥരെ നിയമിച്ചു.
323 ടീമാണ് ജില്ലയിൽ മുഴുവനായും പോസ്‌റ്റൽ ബാലറ്റ് രേഖപ്പെടുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ഒരു ടീമിൽ ഒരു മൈക്രോ ഒബ്‌സർവർ, ഒരു പോളിംഗ് ഓഫീസർ, ഒരു പോളിംഗ് അസിസ്‌റ്റന്റ് സുരക്ഷക്കായി ഒരു പോലീസുകാരൻ, ഒരു വീഡിയോ ഗ്രാഫർ എന്നിവരുണ്ടാകും. ബൂത്ത് ലെവൽ ഓഫീസർമാരും ഇവരെ അനുഗമിക്കും. ജില്ലയിൽ 38,770 ആളുകളാണ് പോസ്‌റ്റൽ ബാലറ്റിനായി അപേക്ഷിച്ചിരിക്കുന്നത്.
Also Read: ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി







































