തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. കണ്ണപുരത്ത് വെച്ച് കസ്‌റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ താലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടി.
അതേസമയം, പോലീസിനും ദിവ്യയ്‌ക്കും അനുയോജ്യമായ സ്‌ഥലത്ത് വെച്ച് ദിവ്യ കീഴടങ്ങിയെന്നാണ് വിവരം. രണ്ട് പാർട്ടി പ്രവർത്തകരും ദിവ്യക്കൊപ്പമുണ്ടായിരുന്നു. ദിവ്യയെ കസ്‌റ്റഡിയിലെടുത്തതാണെന്ന് കമീഷണർ അജിത് കുമാർ സ്‌ഥിരീകരിച്ചു. ചോദ്യം ചെയ്‌ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തിൽ കസ്‌റ്റഡിയിലെടുത്തത് ഇത് കാരണമാണെന്നും കമ്മീഷണർ വ്യക്‌തമാക്കി.
ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. കേസിൽ ദിവ്യ മാത്രമാണ് പ്രതി. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണെന്നാണ് കേസ്.
സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്‌ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കളക്‌ട്രേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ പരസ്യവിചാരണ. പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ നവീൻ ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് പിറ്റേന്ന് രാവിലെ അദ്ദേഹത്തെ കണ്ണൂരിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കൈക്കൂലി നൽകിയെന്ന് പറയുന്നയാൾ സമർപ്പിച്ച രേഖകളിൽ അവ്യക്‌തതയും കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത റിപ്പോർട് സമർപ്പിച്ചിരുന്നു.
പിപി ദിവ്യയെ കൂടുതൽ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
Most Read| 14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും








































