ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടച്ചക്കെതിരെ നടപടി ആവശ്യപെട്ട് ഡി.എം.കെ നേതാവും ലോക്സഭാ അംഗവുമായ കനിമൊഴി രംഗത്ത്. നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഇറങ്ങിപോകാമെന്ന് ആയുഷ് സെക്രട്ടറി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ട് കനിമൊഴി കത്തയച്ചത്. ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന ആധിപത്യം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ളതാണെന്നും, അപലപനീയമാണെന്നും കനിമൊഴി കത്തില്‍ പറഞ്ഞു. കോട്ടച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്നും തക്കതായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ആയുഷ് മന്ത്രിക്ക് നല്കിയ കത്തില്‍ കനിമൊഴി ആവശ്യപ്പെട്ടു.
ആയുഷ് മന്ത്രാലയം നടത്തിയ വെബിനാറില്‍ മിക്കവരും ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ പകുതിയോളം ആളുകള്‍ക്കും ഹിന്ദിയിലുള്ള ക്ലാസുകള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആയുഷ് സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അപേക്ഷിച്ചപ്പോള്‍ തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്നും, ഹിന്ദി അറിയാത്തവര്‍ക്ക് ഇറങ്ങിപോകാമെന്ന് പറഞ്ഞെന്നുമാണ് ആരോപണം.
മുന്‍പും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കനിമൊഴി ശക്തമായി രംഗത്തെത്തിയിരുന്നു. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇന്ത്യക്കാരിയാണോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നെന്ന് കനിമൊഴി പറഞ്ഞിരുന്നു. ഹിന്ദി അറിയാത്തത് മൂലം ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥയായിരുന്നു ഇത്തരമൊരു സംശയം ഉന്നയിച്ചത്.







































