ബെംഗളൂരു: കർണാടക ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്‌ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു. കർണാടക പോലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അർജുനുമായെത്തുന്ന ആംബുലസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.
കാർവാർ എംഎൽഎ സതീഷ് സെയ്ൻ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്‌പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്‌ജീകരണങ്ങളും തയ്യാറാണ്.
ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാരാകും വഹിക്കുക. ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 72ആം ദിവസമാണ് ലോറിയും അർജുന്റെ ശരീര ഭാഗങ്ങളും കണ്ടെത്തിയത്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ