ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള തെറ്റ് അംഗീകരിക്കണം എന്നും അദ്ദേഹം മോദിയോട് പറഞ്ഞു.
എല്ലാ മനുഷ്യർക്കും തെറ്റ് പറ്റാം. എന്നാൽ അത് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. ചെയ്‌തുപോയ തെറ്റുകൾ തിരുത്തുന്നതിലൂടെ നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുകയല്ല, മറിച്ച് അത് ഉയരുകയാണ് ചെയ്യുകയെന്നും കട്‌ജു മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കർഷക കമ്മീഷൻ രൂപീകരിക്കണമെന്നും കട്‌ജു കത്തിൽ ആവശ്യപ്പെട്ടു.
പ്രമുഖ കർഷക സംഘടനകളുടെ അംഗങ്ങൾ, സർക്കാർ പ്രതിനിധികൾ, കാർഷിക വിദഗ്‌ധർ എന്നിവരടങ്ങിയ ഒരു കമ്മീഷനെ സർക്കാർ നിയമിക്കണം. ആ കമ്മീഷൻ നമ്മുടെ കർഷകരുടെ പ്രശ്‌നങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കണം.
അവരുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല എന്നതാണ് കർഷകരുടെ പ്രധാന പ്രശ്‌നം. ഇക്കാരണത്താൽ 3 മുതൽ 4 ലക്ഷം കർഷകർ ഇതിനകം ആത്‍മഹത്യ ചെയ്‌തിട്ടുണ്ടെന്നും കട്‌ജു പറയുന്നു.
ഈ കമ്മീഷൻ നിരന്തരം കൂടിക്കാഴ്‌ച നടത്തുകയും പരിഹാരം കാണുകയും വേണം. അതിന് ചിലപ്പോൾ മാസങ്ങൾ എടുത്തേക്കാം. എന്നാൽ ഒടുവിൽ എല്ലാവരും അംഗീകരിക്കുന്ന സമഗ്രമായ ഒരു നിയമം നടപ്പാക്കണം എന്നും കട്‌ജു ആവശ്യപ്പെട്ടു.
ഇത്തരം സമീപനങ്ങൾ ഉണ്ടായില്ലെങ്കിൽ സ്‌ഥിതി വഷളാകുമെന്ന മുന്നറിയിപ്പും കട്‌ജു നരേന്ദ്ര മോദി സർക്കാരിന് നൽകി. റിപ്പബ്ളിക് ദിനത്തിൽ കർഷകർ ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകുകയും അതിനെതിരെ പോലീസ് നടപടി ഉണ്ടാകുകയും ചെയ്‌താൽ അത് മറ്റൊരു ‘ജാലിയൻവാലാബാഗോ‘ അല്ലെങ്കിൽ ‘രക്‌തപങ്കിലമായ ഞായറാഴ്‌ച’ക്ക് സമാനമായ അവസ്‌ഥയോ ആയിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1905 ജനുവരി 22ന് റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ്ബർഗിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ നൂറു പേർ കൊല്ലപ്പെട്ട സംഭവമാണ് രക്‌തപങ്കിലമായ ഞായറാഴ്‌ച (Bloody Sunday) എന്നറിയപ്പെടുന്നത്.
ജാതിമത വ്യത്യാസമില്ലാതെ രാജ്യത്തെ കർഷകർ ഒന്നടങ്കം ഒന്നിച്ചു നിന്ന് നടത്തുന്ന ഈ പ്രക്ഷോഭം തുടർന്നാൽ അത് മോദിയുടെ രാഷ്‌ട്രീയ ഭാവിയെ തന്നെ തുലാസിലാക്കും. മാത്രമല്ല, അവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംസ്‌ഥാനങ്ങളേയും സായുധ സേനയെയും വരെ ദോഷകരമായി ബാധിക്കും. കാരണം, സായുധ സേനയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും കർഷക കുടുംബത്തിൽ നിന്നുള്ളവരാണെന്നും കട്‌ജു കത്തിൽ പറഞ്ഞു.
Also Read: കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിക്ക് എതിരെ പടയൊരുക്കം










































