കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്റ്റോറന്റ് എന്ന സ്ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്തുക്കൾ ശുചിമുറിയിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ കടയുടമയും സംഘവും മർദ്ദിച്ചിരുന്നു. സംഭവത്തിൽ കടയുടമയടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
പിലാത്തറയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള കെസി റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ കാസർഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായയാണ് ശുചി മുറി എന്ന് ബോർഡ് വച്ച സ്ഥലത്ത് ഭക്ഷ്യ പദാർഥങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങളെടുക്കുകയും ചെയ്തത്. തുടർന്ന് ഹോട്ടലുടമ കെ സി മുഹമ്മദും സംഘവും ഡോക്ടറുടെ ഫോൺ പിടിച്ച് വാങ്ങി നശിപ്പിച്ചു.
ഡോക്ടറുടെ പരാതിയിൽ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിലായി. ഇവർ റിമാൻഡിലാണ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഭക്ഷ്യ സുരക്ഷ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേർന്നാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഹോട്ടലുടമകൾക്ക് സ്ഥാപനത്തിന്റെ ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പറയുന്നു.
Most Read: ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ









































