തിരുവനന്തപുരം: യുക്രൈനിലെ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ അമിത ആശങ്കയ്‌ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ളസ്‌ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്; പി ശ്രീരാമകൃഷ്‌ണന്‍ വ്യക്‌തമാക്കി.
ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സിഇഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് നേരത്തേ തന്നെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അനിവാര്യമായി ഉക്രൈനില്‍ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
യുക്രൈനിൽ കുടുങ്ങിയ ആളുകൾക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെ +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ cosn1.kyiv@mea.gov.in എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.
യുക്രൈനിൽ കുടുങ്ങിയ ആളുകളെ കുറിച്ചുള്ള വിവരങ്ങൾക്കായി നാട്ടിലുള്ള ബന്ധുക്കൾക്കും ബന്ധപ്പെടാവുന്നതാണ്. കൂടാതെ നോര്‍ക്കയുടെ ടോള്‍ഫ്രീ നമ്പറായ 1800 425 3939ലും, ceo.norka@kerala.gov.in എന്ന ഇമെയിൽ ഐഡിയിലും സഹായത്തിനായി ആളുകൾക്ക് ബന്ധപ്പെടാം. ഇതിനൊപ്പം തന്നെ അടിയന്തിര സാഹചര്യങ്ങളിൽ വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്‌തമാക്കി. 1800118797, +911123012113, +911123014101, +911123017905 എന്നിവയാണ് വിദേശകാര്യ വകുപ്പിന്റെ ടോൾഫ്രീ നമ്പറുകൾ.
Most Read: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത







































