ന്യൂഡെല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി. നിലവിൽ ഹിജാബ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഒരു വിദ്യാർഥിനി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്‌റ്റിസ് എന്‍വി രമണയുടെ പരാമർശം.
“ഇതൊന്നും ദേശീയ തലത്തിലേക്ക് കൊണ്ടു വരേണ്ട ആവശ്യമില്ല. ഉചിതമായ സമയത്ത് മാത്രം വിഷയത്തില്‍ സുപ്രീം കോടതി ഇടപെടും”- അടിയന്തരമായി ഹിയറിംഗ് നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് രമണ പറഞ്ഞു.
ഹിജാബ് വിവാദത്തിൽ വിധി വരുന്നതുവരെ കോളേജുകളിൽ വിദ്യാർഥികളെ മതപരമായ ഒരു വസ്‌ത്രവും ധരിക്കാൻ അനുവദിക്കില്ല എന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.
കുട്ടികളുടെ അധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. എന്നാൽ മതപരമായ ചിഹ്‌നങ്ങളുള്ള വസ്‌ത്രങ്ങൾ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്‌തമാക്കി.
ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‌തി, ജസ്‌റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്‌റ്റിസ് ജയ്ബുന്നിസ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.
Read also: മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; കാരണം ആഭ്യന്തര രഹസ്യമെന്ന് കെ സുരേന്ദ്രന്‍