ജറുസലേം: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്‌ചിതത്വത്തിൽ. ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്‌ചയിച്ചു. ശനിയാഴ്‌ചവരെയാണ് സമയപരിധി. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാർ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്‌ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ഭയാനകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിന് ശേഷം എന്ത് ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.
”ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം. നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം. പക്ഷേ എന്റെ കാര്യത്തിൽ, ശനിയാഴ്‌ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, വീണ്ടും നരകം സൃഷ്‌ടിക്കും”- ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. താൻ നിർദ്ദേശിച്ച സമയപരിധിയെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസയെ ഏറ്റെടുക്കുമെന്നും പുനർനിർമിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇത് ചെയ്യാൻ പോകുന്നതെന്ന് ട്രംപ് വ്യക്‌തമാക്കിയില്ല. ”ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്‌റ്റേറ്റ് സ്‌ഥലമാണ്. യുഎസ് അത് സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും”- ട്രംപ് പറഞ്ഞു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ