മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
അരീക്കോട് കുനിയിൽ കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്‌ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. 2012 ജൂൺ പത്തിനായിരുന്നു സംഭവം. 2012 ജനുവരിയിൽ കുനിയിൽ കുറുവങ്ങാടൻ അത്തീഖ് റഹ്‌മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്‌മാൻ കൊലക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
2018 സെപ്‌തംബറിൽ ആണ് കേസിന്റെ വിചാരണ തുടങ്ങിയത്. മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി ആയിരുന്ന പാറമ്മൽ മുഹമ്മദ് കുട്ടി ഉൾപ്പടെ 21 പേരായിരുന്നു കേസിലെ പ്രതികൾ. കഴിഞ്ഞ മാർച്ച് 19ന് സാക്ഷിവിസ്‌താരം പൂർത്തിയായി. ദൃക്‌സാക്ഷികൾ ഉൾപ്പടെ 275 പേരെയാണ് കോടതി വിസ്‌തരിച്ചത്.
Most Read: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി







































