തിരുവനന്തപുരം: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും കമ്മീഷൻ നിലപാടെടുത്തു.
തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചു. ഇരട്ട വോട്ട് സംഭവിക്കാതിരിക്കാൻ സ്വീകരിച്ച് വരുന്ന നടപടികളെ കുറിച്ചെല്ലാം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.
നേരത്തെ ഈ മാസം 30നകം വോട്ടര്‍പട്ടികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ മണ്ഡലം അടിസ്ഥാനത്തില്‍ ഇരട്ട വോട്ടര്‍മാരുടെ പട്ടിക തയാറാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) കൈമാറിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരെ ബിഎല്‍ഒമാര്‍ നേരിട്ട് കാണുകയും ഏത് വോട്ടാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്തത തേടുകയും ചെയ്യുന്നുണ്ട്.
Also Read: കേരള പോലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; വിമർശനവുമായി ഹൈക്കോടതി







































