ബെംഗളൂരു: കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ടാക്സി ഡ്രൈവർ പോലീസിൽ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുർഗ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ച ടാക്സിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
ടാക്സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയായിരുന്നു ഒളിവിലായിരുന്ന രവി കീഴടങ്ങിയത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (32) തലക്കടിച്ചു കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയത്തിലെ മലിനജല കനാലിൽ തള്ളിയെന്നാണ് ദർശനെതിരെയുള്ള കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തും പവിത്ര ഗൗഡയും മറ്റു 11 പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചാണ് കൊലപാതകം നടത്തിയത്. ഇവിടെയുള്ള ഒരു ഷെഡിൽ വെച്ച് ദർശൻ ബെൽറ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിൽ ഉള്ളവർ വടി കൊണ്ട് അടിച്ചു.
പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തിൽ രേണുകസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയിൽ തള്ളി. സമീപത്തെ ഒരു യുവാവാണ് നായ്ക്കൾ ഭക്ഷിക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി പത്ത് വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ളീല സന്ദേശങ്ങൾ അയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ







































