തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 11 മണിയോടെയാണ് ഇഡി സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. കേസിൽ നേരത്തെ പിടിയിലായ അനൂബ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ബിനീഷ് നൽകിയ മൊഴിയിൽ വൈരുധ്യമുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇഡി ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. ഇതിൽ രണ്ടു പേരുടേയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെ, അനൂപിനേയും ബിനീഷിനേയും ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിനീഷ് ഹാജരായിരുന്നില്ല.
Also Read: ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷും അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് ഇനി കണ്ടെത്താനുള്ളത്.







































