വയനാട്: ജില്ലയിലെ റിസോർട്ടുകളിൽ ആഘോഷ പരിപാടികളുടെ മറവിൽ വ്യാപകമായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പോലീസ്-എക്സൈസ് വകുപ്പുകൾ. രണ്ട് ദിവസം മുൻപ് തരിയോട് മഞ്ഞൂറ സിൽവർവുഡ് റിസോർട്ടിൽ നടന്ന റെയ്ഡിനിടെ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 16 അംഗം സംഘം പോലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു.
കൈവശം വെച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ അനുമതിയുള്ള ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎ ഉൾപ്പടെ ഉള്ളവയുടെ ജില്ലയിലേക്കുള്ള കടത്ത് വർധിച്ചതായി എക്സൈസ് അധികൃതർ പറയുന്നു. റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം കൂടുന്നുണ്ടെങ്കിലും റിസോർട്ടുകളിൽ നിന്ന് പിടികൂടുന്നത് കുറവാണ്. ജില്ലയിലേക്കുള്ള ലഹരിക്കടത്ത് ബാവലി, തോൽപ്പെട്ടി, മുത്തങ്ങ ചെക്ക്പോസ്റ്റുകളിൽ വെച്ചാണ് കൂടുതലും പിടികൂടുന്നത്.
ബെംഗളൂരുവിൽ നിന്നാണ് ഇവ കൂടുതലായി കടത്തുന്നത്. പുതുവൽസരം പ്രമാണിച്ച് 545 ഗ്രാം എംഡിഎംഎയാണ് ജില്ലയിൽ പിടികൂടിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. റിസോർട്ടുകളിൽ അടക്കം നിരീക്ഷണം ശക്തമാക്കുമെന്നും രാത്രികാല പട്രോളിങ് തുടരുമെന്നും എക്സൈസ് വിഭാഗം അറിയിച്ചു.
Most Read: സ്കൂളുകളിലെ നിയന്ത്രണം; മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്








































