ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ളിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ലോക പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, മാളുകളിൽ വിനോദ പരിപാടികൾ, വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകൾ എന്നിവ കൂടാതെ, പുതുവത്സരത്തിന് പ്രത്യേക ആഘോഷവുമുണ്ടായിരിക്കും.
Also Read: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
സ്കൂൾ അവധി ദിനങ്ങളടക്കം പരിഗണിച്ച് പരമാവധിപ്പേർക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ച് ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരാഴ്ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
കോവിഡിന്റെ പാശ്ചാത്തലത്തിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന എല്ലാ മാളുകളും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും പ്രവർത്തിക്കുക.







































