ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. ഇന്നലെയാണ് ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന് ക്ളീന്‍ ചിറ്റ് ഇല്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും ഇഡി വ്യക്‌തമാക്കി. മുഹമ്മദ് അനൂപിന് പണം നല്‍കിയവരെ എല്ലാവരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിനീഷിനെ ഇഡി ചോദ്യം ചെയ്‌തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് മണിക്കൂറാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്‌തത്. അനൂപിന് പണം നല്‍കിയതിനെ കുറിച്ചും അയാളുടെ ലഹരി ഇടപാടുകളെ പറ്റിയുമാണ് ഇഡി ചോദ്യം ചെയ്‌തത്. എന്നാല്‍ അനൂപിന്റെ ലഹരി ഇടപാടുകളെ പറ്റി അറിയില്ലായിരുന്നു എന്നാണ് ബിനീഷ് ഇഡിക്ക് മുന്നില്‍ ആവര്‍ത്തിച്ചത്. അനൂപുമായി പണമിടപാട് നടത്തിയ എല്ലാവരെയും ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ശേഷം ഇവരുടെ മൊഴിയും അനൂപിന്റെ മൊഴിയും തമ്മില്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
വിവിധ അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപയോളമാണ് മുഹമ്മദ് അനൂപ് സമാഹരിച്ചത്. ഇതില്‍ ബിനീഷിന്റെ പങ്കെത്രയെന്ന ഇഡിയുടെ ചോദ്യത്തിന് ആറ് ലക്ഷം രൂപ താന്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി അനൂപിന് നല്‍കിയെന്നാണ് ബിനീഷ് മറുപടി നല്‍കിയത്. എന്നാല്‍ തനിക്ക് അനൂപിന്റെ ലഹരി ഇടപാടുകളെ പറ്റി അറിവില്ലായിരുന്നു എന്നും ബിനീഷ് ഇഡിയോട് ആവര്‍ത്തിച്ചു.
Read also : ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ പൊതുസ്‌ഥലങ്ങളിൽ നിയന്ത്രിക്കണം; സുപ്രീംകോടതി






































