ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. രണ്ടു കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഡെൽഹി ജല ബോർഡ് അഴിമതി കേസിൽ നാളെയും മദ്യനയ കേസിൽ വ്യാഴാഴ്‌ചയും ഹാജരാകാനാണ് നോട്ടീസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രണ്ടു കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചത്. മോദിക്ക് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആംആദ്‌മി പാർട്ടി വിമർശിച്ചു. ഡെൽഹി ജല ബോർഡിൽ അനധികൃതമായി ഒരു കമ്പനിക്ക് കരാർ അനുവദിച്ച് ആംആദ്‌മി പാർട്ടി കോടികൾ തട്ടിയെന്ന് കാട്ടി നേരത്തെ സിബിഐ കേസെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കണ്ടെത്താൻ ഇഡിയും അന്വേഷണം തുടങ്ങി. ഈ കേസിലാണ് കെജ്‌രിവാൾ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. മദ്യനയ കേസിൽ ഒമ്പതാം തവണയാണ് കെജ്‌രിവാളിന് ഇഡി ഹാജരാകാൻ നോട്ടീസ് അയക്കുന്നത്. എട്ടു തവണയും നോട്ടീസ് അയച്ചിട്ട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇഡി നൽകിയ പരാതിയിൽ ഇന്നലെ ഡെൽഹി റോസ് അവന്യൂ സെഷൻസ് കോടതി കെജ്‌രിവാളിന് ജാമ്യം ആനുവദിച്ചിരുന്നു.
പിന്നാലെയാണ് വീണ്ടും സമൻസ് അയച്ചത്. ഇഡി നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ആംആദ്‌മി പാർട്ടിയുടെ തീരുമാനം. അതിനിടെ, കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇന്നലെ ഹൈദരാബാദിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഡെൽഹിയിൽ എത്തിക്കുകയായിരുന്നു. കേസിൽ ജയിലിലുള്ള ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്