ന്യൂഡെൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുക്കുമെന്ന് റിപ്പോർട്. ഇഡി അന്വേഷണം നടത്തുന്ന എസ്എഫ്ഐയോട് രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം.
എസ്എഫ്ഐഒയുടെ രേഖകൾ കിട്ടിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് ഇഡി കടക്കുക. കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ടി വീണ ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
എക്സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിന് പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.
അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹരജി ഇന്ന് ഡെൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹരജി പരിഗണിക്കുക. ഹരജിയിൽ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹരജി നൽകിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































