കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇഡി ക്ക് കൈമാറിയേക്കും.
സ്വർണക്കടത്ത് കേസിലും, ഡോളർകടത്ത് കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ അന്ന് അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സ്വപ്ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164 മൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നൽകിയ മൊഴിക്കായി ഇഡി വീണ്ടും കോടതിയെ സമീപിച്ചത്.
കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടോ എന്ന് അറിയുന്നതിനായാണ് ഇഡിയുടെ നീക്കം. അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ ഹരജി കോടതിയിൽ എതിർക്കേണ്ടതില്ല എന്നാണ് കസ്റ്റംസിന്റെ തീരുമാനം.
Read Also: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്







































