കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽ നിന്ന് പ്രതിയെ മാലൂർക്കുന്ന് എആർ ക്യാമ്പിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
എഡിജിപി എംആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അതേസമയം, പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എംആർ അജിത്ത് കുമാർ അറിയിച്ചു. ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പോലീസ് സമർപ്പിച്ച എഫ്ഐആറിൽ ഷാരൂഖിനെതിരേ ഐപിസി 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
തീവണ്ടിയിലെ തീവെപ്പിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, രണ്ടര വയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്. ഈ മാസം 20 വരെ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡ്. മുൻസിഫ് കോടതി ജഡ്ജി എസ്വി മനേഷ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പ്രതിയെ കണ്ടിരുന്നു. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥ ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഷാരൂഖ് ബോധപൂർവം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ട്രെയിൻ പൂർണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്ഫോടന സാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ യുഎപിഎ കൂടി ചുമത്താമെന്നാണ് നിയമോപദേശം. എന്നാൽ, ഇക്കാര്യം അന്തിമമായി പറയാനായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വ്യക്തമാക്കി.
Most Read: കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്ഥാനങ്ങൾക്ക് നിർദ്ദേശം